05:00am 04 October 2026
NEWS
​ബോളിവുഡിലേക്ക് ചുവടുവെച്ച് കല്യാണി പ്രിയദർശൻ; രൺവീർ സിംഗിന്റെ നായികയായി 'പ്രളയ്' ചിത്രീകരണത്തിന് തുടക്കം.
02/10/2026  12:52 PM IST
സുരേഷ് വണ്ടന്നൂർ
​ബോളിവുഡിലേക്ക് ചുവടുവെച്ച് കല്യാണി പ്രിയദർശൻ.

 

​രൺവീർ സിംഗിന്റെ നായികയായി ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന 'പ്രളയ്' എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിന് ഒരുങ്ങുകയാണ് നടി കല്യാണി പ്രിയദർശൻ. ഡിസംബർ വരെ പ്രളയ്‌യുടെ ചിത്രീകരണം മുംബയ്‌യിലായതിനാൽ താരം അവിടേക്ക് താത്‌കാലികമായി താമസം മാറ്റിയിരിക്കുകയാണ്.
​ഒരു സോംബി ത്രില്ലറായി ഒരുങ്ങുന്ന പ്രളയ്‌യിൽ ആക്‌ഷൻ രംഗങ്ങളിൽ അഭിനയിക്കേണ്ടതിനാൽ കടുത്ത തയ്യാറെടുപ്പുകളും പരിശീലനവും താരത്തിന് ആവശ്യമുണ്ട്. ശാരീരികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രത്തെയാണ് കല്യാണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
​ജയ് മേത്ത സംവിധാനം ചെയ്യുന്ന ചിത്രം ആദ്യം ലണ്ടൻ പശ്ചാത്തലത്തിൽ ചിത്രീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ദീപിക പദുകോൺ ഗർഭിണിയായതിനാൽ ആവശ്യമായ പരിചരണം നൽകുന്നതിനായി രൺവീർ സിംഗിന്റെ താത്പര്യപ്രകാരം ചിത്രീകരണം മുംബയിലേക്ക് മാറ്റുകയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
​രൺവീർ സിംഗിന്റെ മാ കസം ഫിലിംസിന്റെ നിർമ്മാണ പങ്കാളിത്തത്തിൽ ഒരുങ്ങുന്ന പ്രളയ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. അനന്യ ബിർളയുടെ ബിർള സ്റ്റുഡിയോസും ഹൻസൽ മേത്ത - സാഹിൽ സൈഗൽ എന്നിവരുടെ ട്രൂസ്റ്റോറി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ധുരന്ദർ ഫ്രാഞ്ചൈസിയുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനുശേഷം രൺവീർ സിംഗ് നായകനാകുന്ന ചിത്രം എന്ന നിലയിൽ പ്രളയ് സിനിമാലോകത്ത് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
​അതേസമയം, ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ലോക'യ്ക്ക് ശേഷം പാൻ ഇന്ത്യൻ താരമായി മാറിയ കല്യാണി പ്രിയദർശൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം വലിയ ചർച്ചയായിട്ടുണ്ട്. 'ലോക'യുടെ രണ്ടാം ഭാഗമാണ് മലയാളത്തിൽ കല്യാണിയുടെ അടുത്ത പ്രോജക്ട്. പുതുവർഷത്തിൽ 'ലോക 2' ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്.


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img